22/09/2026
കാൻസറും മലേറിയയും മണത്തറിയും, മണ്ണിനടിയിലെ മനുഷ്യരെ കണ്ടെത്തും, കുഴിബോംബ് തിരയും, കുട്ടികളെ വായിക്കാൻ പഠിപ്പിക്കും; മൂക്കുകൊണ്ട് ലോകം ജയിക്കുന്ന നായ്ക്കളുടെ അത്ഭുത ജീവിതം.
വീട്ടുമുറ്റത്ത് വാലാട്ടി കാവലിരിക്കുന്ന പാണ്ടൻ നായ പഴംകഥയായിരിക്കുന്നു . ശരിയായ പരിശീലനം ലഭിച്ചാൽ ഡോക്ടറുടെയും പൊലീസുകാരന്റെയും പട്ടാളക്കാരന്റെയും രക്ഷാപ്രവർത്തകന്റെയും അധ്യാപകന്റെയും വരെ ജോലി ചെയ്യാൻ നായ്ക്കൾക്കു കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാന രഹസ്യം ഒന്നാണ്: അസാധാരണമായ ഘ്രാണശക്തിയും മനുഷ്യനോടുള്ള ആയിരക്കണക്കിനു വർഷത്തെ ഇണക്കവും.
മനുഷ്യനെക്കാൾ ബഹുദൂരം മുന്നിൽ
മനുഷ്യന്റെ മൂക്കിൽ ഏകദേശം 60 ലക്ഷം ഗന്ധഗ്രാഹികളാണുള്ളതെങ്കിൽ നായ്ക്കൾക്ക് 30 കോടിയോളമുണ്ട്. ഗന്ധം വിശകലനം ചെയ്യുന്ന തലച്ചോറിലെ ഭാഗവും ആനുപാതികമായി വലുത്. ഒരു നീന്തൽക്കുളത്തിലെ വെള്ളത്തിൽ കലർന്ന ഒരു തുള്ളി പോലും തിരിച്ചറിയാനാകുന്നത്ര സൂക്ഷ്മമാണ് ഈ ശേഷിയെന്ന് ഗവേഷകർ ഉപമിക്കാറുണ്ട്. ഈ കഴിവിനെ പരിശീലനത്തിലൂടെ ദിശാബോധമുള്ളതാക്കുമ്പോഴാണ് അദ്ഭുതങ്ങൾ സംഭവിക്കുന്നത്.
ശ്വാസത്തിൽ കാൻസറിന്റെ മണം
രോഗബാധിതമായ കോശങ്ങൾ പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ ശ്വാസത്തിന്റെ ഗന്ധത്തിൽ മാറ്റം വരുത്തും. ഈ മാറ്റം മണത്തറിഞ്ഞ് അർബുദം കണ്ടെത്താൻ നായ്ക്കളെ പരിശീലിപ്പിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായ 'ഡോഗ്‌നോസിസ്' എന്ന സ്റ്റാർട്ടപ്. രോഗി നായയെ നേരിട്ടു കാണേണ്ടതില്ല. പത്തു മിനിറ്റോളം ഒരു കോട്ടൺ മാസ്ക് ധരിച്ചു ശ്വസിച്ചാൽ മതി. ഈ മാസ്ക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന.
നായ്ക്കൾക്കു കൂട്ടായി നിർമിതബുദ്ധിയുമുണ്ട്. 3ഡി പ്രിന്റ് ചെയ്ത ഹെൽമറ്റും സെൻസറുകളും ധരിച്ചാണ് 'ജോലി'. സാംപിൾ മണക്കുമ്പോൾ തലച്ചോറിലെ തരംഗങ്ങൾ, ശ്വാസഗതി, ശരീരഭാഷ എന്നിവ എഐ വിശകലനം ചെയ്യും. കർണാടകയിലെ ആറ് ആശുപത്രികളിൽ നിന്നുള്ള 1500ൽ അധികം പേരിൽ നടത്തിയ പഠനത്തിൽ ഏഴുതരം അർബുദങ്ങൾ 90 ശതമാനത്തിലേറെ കൃത്യതയോടെ തിരിച്ചറിഞ്ഞതായാണ് ഗവേഷകരുടെ അവകാശവാദം. ബീഗിൾ, ബെൽജിയൻ മലിനോയ്സ് ഇനങ്ങളിലെ 15 നായ്ക്കളാണ് സംഘത്തിൽ. ദിവസം 30–45 മിനിറ്റ് മാത്രമാണ് ജോലിസമയം. ശരിയായ സാംപിൾ ചൂണ്ടിക്കാട്ടിയാൽ ഓട്ടമാറ്റിക് ഫീഡറിൽ നിന്ന് ഇഷ്ടഭക്ഷണം സമ്മാനം.
മലേറിയ സോക്സിൽ, കോവിഡ് വിയർപ്പിൽ
കാൻസർ മാത്രമല്ല നായ്ക്കളുടെ 'ലാബ്' കണ്ടെത്തുന്നത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ കുട്ടികൾ ഒരു രാത്രി ധരിച്ച സോക്സുകൾ മണത്ത്, രോഗലക്ഷണങ്ങളില്ലാത്ത മലേറിയ ബാധിതരെ പോലും തിരിച്ചറിയാൻ ബ്രിട്ടനിൽ പരിശീലനം ലഭിച്ച നായ്ക്കൾക്കു കഴിഞ്ഞതായി പഠനം വന്നിരുന്നു. കോവിഡ് കാലത്ത് ഫിൻലൻഡിലെ ഹെൽസിങ്കി വിമാനത്താവളത്തിൽ യാത്രക്കാരുടെ വിയർപ്പുസാംപിൾ മണത്ത് രോഗബാധ സൂചിപ്പിക്കുന്ന നായ്ക്കളെ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചു. പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു താഴുന്നതും അപസ്മാരം വരാനിരിക്കുന്നതും മുൻകൂട്ടി അറിയിക്കുന്ന 'മെഡിക്കൽ അലർട്ട് ഡോഗു'കൾ വിദേശരാജ്യങ്ങളിൽ പലരുടെയും ജീവൻ കാക്കുന്ന കൂട്ടുകാരാണ്.
പെട്ടിമുടിയിലെ കുവി
2020ലെ പെട്ടിമുടി ഉരുൾപൊട്ടൽ കേരളം മറക്കില്ല; ഒപ്പം കുവി എന്ന നായയെയും. പരിശീലനം ലഭിച്ച സ്നിഫർ നായയോ ട്രാക്കറോ അല്ലാതിരുന്നിട്ടും, ദുരന്തത്തിന് എട്ടു ദിവസത്തിനു ശേഷം തന്റെ കളിക്കൂട്ടുകാരിയായിരുന്ന രണ്ടു വയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത് കുവിയാണ്. ഉടമകളെ നഷ്ടപ്പെട്ട കുവി പിന്നീട് ഇടുക്കി പൊലീസ് ഡോഗ് സ്ക്വാഡിന്റെ സംരക്ഷണയിലെത്തി.
ഇതേ ദുരന്തഭൂമിയിൽ തൃശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനത്തിലിരുന്ന ഒൻപതു മാസം പ്രായമുള്ള ബെൽജിയൻ മലിനോയ്സ് നായ മായയും, രക്ഷാപ്രവർത്തനത്തിനു പരിശീലിപ്പിക്കപ്പെട്ടിരുന്ന ഇതേ പ്രായമുള്ള ലാബ്രഡോർ ഡോണയും എത്തിയിരുന്നു. കേരള പൊലീസിന്റെ ആദ്യ 'കഡാവർ ഡോഗ്' ആകാനുള്ള പരിശീലനത്തിലായിരുന്നു മായ.
മായയും മർഫിയും: മണ്ണിനടിയിലെ സത്യം തേടുന്നവർ
പിന്നീട് കേരളം കണ്ട ഓരോ ദുരന്തത്തിലും മായ മുൻനിരയിലുണ്ടായിരുന്നു; കൂട്ടിന് മർഫിയും. ഇരുവരും ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട, മണ്ണിനടിയിലെ മനുഷ്യശരീരം കണ്ടെത്തുന്നതിൽ മാത്രം പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ്; ലഹരിമരുന്നോ സ്ഫോടകവസ്തുവോ തിരയാൻ ഇവരെ പഠിപ്പിച്ചിട്ടില്ല. പെട്ടിമുടിയിൽ എട്ടു മൃതദേഹങ്ങളും കൊക്കയാറിൽ അഞ്ചെണ്ണവും കണ്ടെത്താൻ ഇവർ സഹായിച്ചു; ഇലന്തൂർ നരബലിക്കേസ് അന്വേഷണത്തിലും ഇവർ പൊലീസിനു തുണയായി.
2024 ജൂലൈയിലെ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മായയ്ക്കും മർഫിക്കുമൊപ്പം മാഗി എന്ന നായയും രക്ഷാസംഘത്തിലുണ്ടായിരുന്നു. മായയും മർഫിയും മൃതദേഹങ്ങൾ തിരഞ്ഞപ്പോൾ, മണ്ണിനടിയിൽ ജീവനോടെ കുടുങ്ങിയവരെ കണ്ടെത്തുന്നതിലായിരുന്നു മാഗിയുടെ വൈദഗ്ധ്യം. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ 23 മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലങ്ങൾ മായയും മർഫിയും ചൂണ്ടിക്കാട്ടി.
ഇവരുടെ മികവ് കേരളത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ടു. 2025ൽ തെലങ്കാനയിലെ എസ്എൽബിസി തുരങ്കം തകർന്നപ്പോൾ വിമാനമാർഗം എത്തിച്ച മായയും മർഫിയും, ചെളിയിലും മണ്ണിലും ഏകദേശം പത്തടി താഴ്ചയിൽ പുതഞ്ഞുകിടന്ന മൃതദേഹത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി; പതിനഞ്ചോളം ഏജൻസികൾ ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താനാകാതിരുന്ന സ്ഥാനമായിരുന്നു അത്.
തുർക്കിയിലെ ഇന്ത്യൻ രക്ഷകർ
2023ൽ തുർക്കിയിലുണ്ടായ വൻ ഭൂകമ്പത്തിൽ 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരിൽ ഇന്ത്യ അയച്ച ദേശീയ ദുരന്തനിവാരണ സേനാ (എൻഡിആർഎഫ്) സംഘത്തിലും നായ്ക്കളുണ്ടായിരുന്നു. റോമിയോ, ജൂലി എന്നീ ലാബ്രഡോർ നായ്ക്കൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കുടുങ്ങിയ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത് അന്ന് രാജ്യാന്തര ശ്രദ്ധ നേടി.
അതിർത്തിയിലെ വീരന്മാർ, കുഴിബോംബ് തിരയുന്ന കുഞ്ഞൻ
ഇന്ത്യൻ സൈന്യത്തിന്റെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോറിന്റെ കീഴിലുള്ള നായ്ക്കൾ ഭീകരവിരുദ്ധ ദൗത്യങ്ങളിലും കുഴിബോംബ് കണ്ടെത്തലിലും മുൻനിരയിലുണ്ട്. 2022ൽ ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനിടെ വെടിയേറ്റ് പിന്നീട് ജീവൻ വെടിഞ്ഞ 'സൂം' എന്ന സൈനിക നായ രാജ്യത്തിന്റെ ആദരം നേടി. നാടൻ ഇനങ്ങൾക്കും സേനയിൽ ഇടം ലഭിക്കുന്നുണ്ട്; കർണാടകയിലെ മുധോൾ ഹൗണ്ട് നായ്ക്കളെ സൈന്യം പരിശീലിപ്പിച്ച് ഉപയോഗിക്കുന്നു.
യുദ്ധഭൂമിയായ യുക്രെയ്നിൽ 'പാട്രൺ' എന്ന കുഞ്ഞൻ ജാക്ക് റസൽ ടെറിയർ നൂറുകണക്കിന് കുഴിബോംബുകളും പൊട്ടാത്ത ഷെല്ലുകളും കണ്ടെത്തി രാജ്യത്തിന്റെ പ്രതീകമായി. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തന്നെ പാട്രണിനെ മെഡൽ നൽകി ആദരിച്ചു.
കാട്ടിലെ കാവൽക്കാർ, കൃഷിയിടത്തിലെ സഹായികൾ
കടുവത്തോലും ആനക്കൊമ്പും ഈനാംപേച്ചിയുടെ ചെതുമ്പലും കടത്തുന്നവരെ പിടികൂടാൻ ട്രാഫിക് ഇന്ത്യയും ഡബ്ല്യുഡബ്ല്യുഎഫും ചേർന്ന് വനംവകുപ്പുകൾക്കായി സ്നിഫർ നായ്ക്കളെ പരിശീലിപ്പിക്കുന്നുണ്ട്. പല കടുവസങ്കേതങ്ങളിലും ഇവ വേട്ടക്കാരെ കുടുക്കുന്നു.
ഇറ്റലിയിൽ മണ്ണിനടിയിൽ വളരുന്ന, കിലോയ്ക്ക് ലക്ഷങ്ങൾ വിലയുള്ള 'ട്രഫിൾ' കൂൺ കണ്ടെത്തുന്നത് ലഗോട്ടോ റൊമഞ്ഞോളോ എന്ന ഇനം നായ്ക്കളാണ്. വീടുകളിലെ മൂട്ടയും ചിതലും കണ്ടെത്താനും, വിമാനത്താവളങ്ങളിൽ വിദേശത്തുനിന്നു കൊണ്ടുവരുന്ന പഴങ്ങളിലും ഭക്ഷ്യവസ്തുക്കളിലും ഒളിച്ചിരിക്കുന്ന കീടങ്ങളെ പിടികൂടാനും നായ്ക്കളുണ്ട്. സ്കോട്‌ലൻഡിലും ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും നൂറുകണക്കിന് ആടുകളെ ഒറ്റയ്ക്കു നിയന്ത്രിക്കുന്ന ബോർഡർ കോളി നായ്ക്കൾ കർഷകരുടെ വലംകൈയാണ്.
കുട്ടികൾ വായിക്കും, നായ കേട്ടിരിക്കും
ക്ലാസിൽ എല്ലാവരുടെയും മുന്നിൽ ഉറക്കെ വായിക്കാൻ പേടിയുള്ള കുട്ടികൾക്ക് സഹായത്തിനായി നായ്ക്കളെത്തിയാലോ? 1999ൽ അമേരിക്കയിലെ യൂട്ടയിൽ ആരംഭിച്ച 'റീഡിങ് എജ്യുക്കേഷൻ അസിസ്റ്റൻസ് ഡോഗ്സ്' (R.E.A.D.) പദ്ധതിയിൽ പരിശീലനം ലഭിച്ച തെറപ്പി നായ്ക്കൾക്കു മുന്നിലിരുന്ന് കുട്ടികൾ പുസ്തകം വായിക്കും. ഉച്ചാരണം തെറ്റിയാൽ നായ ചിരിക്കില്ല, തിരുത്തില്ല, തിടുക്കം കൂട്ടില്ല. ഓസ്ട്രേലിയയിലെ 'സ്റ്റോറി ഡോഗ്സ്' പദ്ധതിയിൽ സന്നദ്ധപ്രവർത്തകർ നായ്ക്കളുമായി പ്രൈമറി സ്കൂളുകളിലെത്തും. ആഴ്ചയിൽ ഇരുപതു മിനിറ്റോളം ഓരോ കുട്ടിയും ഒറ്റയ്ക്ക് നായയ്ക്കു വായിച്ചുകൊടുക്കും. ഒഴുക്കോടെ വായിക്കാൻ കഴിയും മുൻപേ ആത്മവിശ്വാസം വളരുന്നു എന്നതാണ് ഈ പദ്ധതികളുടെ അനുഭവം.
കണ്ണും കാതും മനസ്സും
കാഴ്ചപരിമിതരെ തിരക്കേറിയ നഗരവീഥികളിലൂടെ സുരക്ഷിതരായി നടത്തുന്ന ഗൈഡ് ഡോഗുകൾ, കേൾവിപരിമിതർക്ക് കോളിങ് ബെല്ലിന്റെയും ഫയർ അലാമിന്റെയും കുഞ്ഞിന്റെ കരച്ചിലിന്റെയും ശബ്ദം തൊട്ടുണർത്തി അറിയിക്കുന്ന ഹിയറിങ് ഡോഗുകൾ, ഓട്ടിസമുള്ള കുട്ടികൾക്ക് സുരക്ഷിതത്വബോധം നൽകുന്ന സപ്പോർട്ട് ഡോഗുകൾ, ആശുപത്രികളിലും വൃദ്ധസദനങ്ങളിലും ഏകാന്തതയ്ക്കു മരുന്നാകുന്ന തെറപ്പി ഡോഗുകൾ എന്നിങ്ങനെ സേവനമേഖലകൾ അനവധി.
ചരിത്രത്തിലെ കാൽപാടുകൾ
1925ൽ അലാസ്കയിലെ നോം പട്ടണത്തിൽ ഡിഫ്തീരിയ പടർന്നപ്പോൾ മൈനസ് ഡിഗ്രി മഞ്ഞുകാറ്റിനെ വകവയ്ക്കാതെ നൂറുകണക്കിനു കിലോമീറ്റർ സ്ലെഡ് വലിച്ച് പ്രതിരോധമരുന്ന് എത്തിച്ചത് നായ്സംഘങ്ങളാണ്. അതിൽ മുന്നിൽ ഓടിയ ബാൾട്ടോയുടെ പ്രതിമ ഇന്നും ന്യൂയോർക്ക് സെൻട്രൽ പാർക്കിലുണ്ട്. 1957ൽ സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2ൽ ഭൂമിയെ ചുറ്റിയ ലെയ്ക എന്ന നായയാണ് ബഹിരാകാശത്ത് ഭ്രമണപഥത്തിലെത്തിയ ആദ്യ ജീവി. ആൽപ്സ് മലനിരകളിൽ മഞ്ഞിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ച സെന്റ് ബർണാഡ് നായ്ക്കളുടെ കഥയും പ്രശസ്തം.
പരിശീലനം ശാസ്ത്രീയമാകണം
ഈ മിടുക്കിന്റെയെല്ലാം പിന്നിൽ ശാസ്ത്രീയ പരിശീലനമാണ്. നായയുടെ ഇനം, പ്രായം, സ്വഭാവം, ചെറുപ്രായത്തിലെ സാമൂഹികവൽക്കരണം എന്നിവ മനസ്സിലാക്കി, ശിക്ഷയ്ക്കു പകരം പ്രോത്സാഹനത്തിലൂടെ (പോസിറ്റീവ് റീഇൻഫോഴ്സ്മെന്റ്) പഠിപ്പിക്കുന്നതാണ് ആധുനിക രീതി. എന്നാൽ നമ്മുടെ നാട്ടിൽ ഈ മേഖലയിലെ പരിശീലകരിൽ ഏറെയും അനുഭവപരിചയം മാത്രം കൈമുതലാക്കിയവരാണ്; അംഗീകൃത പരിശീലനവും സർട്ടിഫിക്കേഷനും കുറവ്. വളർത്തുനായ്ക്കളുടെ എണ്ണം കുതിച്ചുയരുകയും, നായയുടെ സ്വഭാവം മനസ്സിലാക്കാത്തതു മൂലമുള്ള കടിയേൽക്കലും ഉപേക്ഷിക്കലും വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശീലനം കാലത്തിന്റെ ആവശ്യമാണ്.
ഈ വിടവു നികത്താനാണ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ ശ്രമം. സർവകലാശാലയുടെ കീഴിൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ വച്ച് പ്രഫഷനൽ നായപരിശീലന പരിപാടികൾ നടന്നുവരുന്നു. നായയുടെ സ്വഭാവശാസ്ത്രവും ശരീരഭാഷയും, സുരക്ഷിതമായി കൈകാര്യം ചെയ്യലും നിയന്ത്രിക്കലും, അടിസ്ഥാന അനുസരണപരിശീലനം, ഗ്രൂമിങ്, ഗന്ധം തിരിച്ചറിയൽ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. ആറാഴ്ച കാലയളവിലുള്ള പരിശീലനത്തിന്റെ അടുത്ത ബാച്ച് നവംബർ മാസം 9 നു ആരംഭിക്കും. വളർത്തുനായ ഉടമകൾക്കും പരിശീലകരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വെറ്ററിനറി ഡോക്ടർമാർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടികൾ. വളർത്തുമൃഗപരിപാലന രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നായപരിശീലനത്തിന് ശാസ്ത്രീയ അടിത്തറ നൽകാനും ഇതു വഴിയൊരുക്കുമെന്ന് സർവകലാശാല അധികൃതർ പറയുന്നു.
#നായ്ക്കളുടെഅത്ഭുതലോകം #മൂക്കുകൊണ്ട്ലോകംജയിക്കുന്നവർ #മനുഷ്യന്റെഉറ്റചങ്ങാതി