10/07/2023
ഉത്തരവാദിത്വം
***************
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ 3.50 നുള്ള ഇൻറർസിറ്റിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഏറെ നാളുകളായി കാണുന്ന ഒരു കൗതുകക്കാഴ്ചയുണ്ട്.
ഇൻറർസിറ്റി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഉറക്കെ കുരച്ചുകൊണ്ട് ട്രെയിനിനൊപ്പം ഓടുന്ന ഒരു "നായകൻ..!"
കുറച്ചു കഴിയുമ്പോഴേക്കും കൂളായി തിരികെ നടന്നു വരികയും ചെയ്യും.
രണ്ടുമാസത്തിലേറെയായി ഞാനിതിന് സാക്ഷിയാണ്.
ഇന്നാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്.
ഊർജ്ജസ്വലനും ചെറുപ്പക്കാരനും സുന്ദരനുമായതിനാലാവാം എനിക്കവനോട് ഒരു ഇഷ്ടം തോന്നാറുണ്ട്.
വർഗ്ഗസമരമോ പട്ടിപ്പേടിയോ ഒന്നുമില്ലാതെ മനുഷ്യനും പട്ടിയും പ്ലാറ്റ്ഫോം മെത്തയാക്കി ഉറങ്ങുന്നത് സ്ഥിരം കാഴ്ചയാണ് തൃശൂരിൽ. ചൂടുകാലത്ത് കാല്നാലും മേൽപ്പോട്ടാക്കിയും മഞ്ഞും മഴയുമുള്ളപ്പോൾ "O" പോലെ ചുരുണ്ടു കിടന്നും ഉറങ്ങുന്ന ഇവരിൽ മറ്റാർക്കും ഇത്തരമൊരു ഭാവപ്പകർച്ച ഞാൻ കണ്ടിട്ടില്ല.
പുറകിലെ കമ്പാർട്ട്മെന്റിലാണ് കയറാറുള്ളത് എന്നതിനാൽ എല്ലാ തിങ്കളാഴ്ചയും ഒരനുഷ്ഠാനം പോലെ ഈ കാഴ്ച അനുഭവവേദ്യമാകാറുണ്ട്.
അല്പം നേരത്തെ എത്തിയതിനാൽ ഇന്നാണ് അത് കൃത്യമായി നിരീക്ഷിക്കാൻ അവസരം കിട്ടിയത്.
നിർത്താതെ പെയ്യുന്ന മഴയുടെ തണുപ്പിൽ എല്ലാ പട്ടികളും ചുരുണ്ടു കൂടി കിടന്നുറങ്ങുന്നു. പക്ഷേ നമ്മുടെ കക്ഷി മാത്രം ജാഗരൂകനായി ഇരിക്കുകയാണ്.
വണ്ടി അനൗൺസ് ചെയ്യുമ്പോൾ ചെവി കൂർപ്പിച്ചു പിടിച്ചിട്ടുള്ള ഇരിപ്പും ശ്രദ്ധയും മുഖഭാവവും ഒന്ന് കാണേണ്ടതു തന്നെ.
അനൗൺസ്മെന്റ് അവസാനിച്ചതും കക്ഷി പതിയെ എഴുന്നേറ്റ് ട്രെയിൻ വരുന്ന ദിശയിലേക്ക് നടന്നു.
സ്റ്റേഷനിലെ മറ്റു കോലാഹലങ്ങൾ ഒന്നും തന്നെ ഞങ്ങളെ രണ്ടുപേരെയും ബാധിക്കുന്നില്ല. അവനാണെങ്കിൽ മറ്റൊരു ലോകമേ അറിയുന്നില്ല. ഞാനാണെങ്കിൽ അവനെ മാത്രം അറിയുന്നു.
പ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തിയ എൻജിനൊപ്പം പതിവുപോലെ അവൻ ഉറക്കെ കുറച്ചുകൊണ്ട് ഓടി.
മൂന്നു മിനിറ്റ് സമയമുണ്ടെങ്കിലും സാധാരണഗതിയിൽ വണ്ടി വന്നാൽ മറ്റുള്ളവരെപ്പോലെ ഞാനും വെപ്രാളപ്പെട്ട് ഓടി വണ്ടിയിൽ കയറുകയാണ് ചെയ്യുക.
പക്ഷേ ഇന്നത്തെ എൻ്റെ ശ്രദ്ധാകേന്ദ്രം ഇവനായിരുന്നതിനാൽ ഒട്ടും തിടുക്കമുണ്ടായില്ല.
വണ്ടി സ്ലോ ചെയ്തതും ബ്രേക്കിട്ട പോലെ ഇവൻ ഓട്ടം അവസാനിപ്പിച്ച് വളരെ കൂളായി തിരിഞ്ഞു നടന്നു.
വണ്ടി നിർത്തിച്ച് ആളുകളെ കയറ്റി വിടുക എന്നത് തൻ്റെ കടമയായി അവൻ കരുതുന്നു. അതിന്റെ കോലാഹലമാണ് ഈ കാണിക്കുന്നത്..!!
അനൗൺസ്മെന്റ് കേൾക്കുമ്പോഴുള്ള ഉണർവ്വ്..
കുതിച്ചോടുന്ന ട്രെയിൻ എൻജിനോടുള്ള ആജ്ഞാശക്തി..
വണ്ടി നിർത്തി കഴിയുമ്പോൾ ചാരിതാർത്ഥ്യത്തോടെയുള്ള തിരിഞ്ഞു നടത്തം..!!
എനിക്ക് ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി. ഒപ്പം ഹർഷാത്ഭുതങ്ങളോടെ അവനെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കാനും..!!
ആരിൽ കാണും ഇത്രയ്ക്കും ആത്മാർത്ഥമായ ഉത്തരവാദിത്വബോധം??!!
(മനു 10.07.2023)
(കടപ്പാട് )